District News
ചേര്‍ത്തല: വോട്ടെണ്ണലിനായി ചേര്‍ത്തലയിലെ കേന്ദ്രങ്ങളില്‍ സജ്ജീകരണങ്ങളൊരുങ്ങി. നഗരസഭയില്‍ ചേര്‍ത്തല ശ്രീനാരായണ ഗവ. ബോയ്സ് സ്കൂള്‍ ഓഡിറ്റോറിയത്തിലും കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിലേത് സെന്റ് മൈക്കിള്‍സ് കോളജിലുമാണ് എണ്ണുന്നത്. വോട്ടിംഗ് യന്ത്രങ്ങളും ഇവിടെ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമില്‍നിന്നു യന്ത്രങ്ങള്‍ വോട്ടെണ്ണുന്ന ടേബിളുകളിലേക്കെത്തിക്കുന്നതിനായി പ്രത്യേക ബാരിക്കേഡുകള്കെട്ടി തിരിക്കുന്നുണ്ട്. ഇവിടെ പോലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. സുരക്ഷയൊരുക്കാന്‍ പോലീസ് നടപടികള്‍ തുടങ്ങിയതായി ചേര്‍ത്തല ഡിവൈഎസ്പി ടി. അനില്‍കുമാര്‍ പറഞ്ഞു.
ഫലത്തെത്തുടര്‍ന്നു പ്രകടനങ്ങളും മറ്റും അതിരുകടക്കാതിരിക്കാന്‍ സഹകരണം തേടി എല്ലാ പോലീസ് സ്റ്റേഷന് പരിധികളിലും പ്രധാന രാഷ്ട്രീയ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്തും നഗരത്തിലും പ്രധാനയിടങ്ങളിലും പോലീസിനെ നിയോഗിക്കും. അക്രമം കാട്ടുന്നവര്‍ക്കെതിരേ കര്‍ശനനടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
സ്ഥാനാര്‍ഥിക്കൊപ്പം കൗണ്ടിംഗ് ഏജന്റിനും ചീഫ് ഏജന്റിനും മാത്രമാണ് പ്രവേശനാനുമതി. ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പു കമ്മീഷന് അനുമതി നല്കിയിരിക്കുന്നവര്ക്കും മാത്രമായിരിക്കും പ്രവേശനം. ബോയ്സ് സ്കൂളില്‍ 50 ഉദ്യോഗസ്ഥര്‍ക്കും, സെന്റ് മൈക്കിള്‍സ് കോളജില്‍ 280 ഉദ്യോഗസ്ഥരെയുമാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. ഇവരുടെ പരിശീലനം വ്യാഴാഴ്ച പൂര്‍ത്തിയായി. 13ന് രാവിലെ എട്ടു മുതല്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് തുടക്കം.